മനുഷ്യ ശരീരത്തിലെ ശ്വസനവ്യവസ്ഥയുടെ പ്രാഥമിക അവയായവമാണ് ശ്വാസകോശം. അവ നമ്മളെ ജീവനോടെ നിലനിർത്താൻ സഹായിക്കുന്നു. കൂടാതെ ശരീരത്തിലേക്ക് ഓക്സിജൻ കൊണ്ടുവന്ന് കാർബൺ ഡൈ ഓക്സൈഡും ശരീരത്തിന് ആവശ്യമില്ലാത്ത മറ്റ് മാലിന്യ വാതകങ്ങളും നീക്കം ചെയ്യാൻ ഇവ സഹായിക്കുന്നു.
ശ്വാസകോശം ആരോഗ്യകരമായി നിലനിർത്താനുള്ള എളുപ്പ വഴികൾ
നിങ്ങളുടെ ശ്വാസകോശത്തിൻറ്റെ ആരോഗ്യ പ്രവർത്തനം ശരീരത്തിൻറ്റെ മറ്റ് ഭാഗങ്ങൾ പോലെ തന്നെ പ്രായത്തിനനുസരിച്ച് കുറയുന്നു. എന്നാൽ ആരോഗ്യകരമായ ചില ശീലങ്ങൾ സ്വീകരിക്കുന്നതിലൂടെ ശ്വാസകോശത്തിൻറ്റെ ആരോഗ്യം നന്നായി നിലനിർത്താനും നിങ്ങളുടെ മുതിർന്ന വർഷങ്ങളിൽ പോലും അവ മികച്ച രീതിയിൽ പ്രവർത്തിക്കാനും സഹായിക്കും.
ആരോഗ്യകരമായ ശീലങ്ങൾ
1. പുകവലി നിർത്തുക
പുകവലി ആരോഗ്യത്തിന് ഹാനീകരമാണെന്ന് ഒരു കൊച്ച് കുഞ്ഞിന് പോലും അറിയാവുന്ന കാര്യമാണ്. എന്നിട്ട് പോലും പുകവലിക്കുന്ന ആൾക്കാരുടെ എണ്ണത്തിൽ യാതൊരു കുറവുമില്ല എന്നതാണ് വാസ്തവം. പുകവലി ശ്വാസകോശ അർബുദത്തിനും ശ്വാസകോശ സംബന്ധമായ അസുഖങ്ങളായ ബ്രോങ്കൈറ്റിസ്, എംഫിസെമ എന്നിവയ്ക്കും പ്രധാന കാരണമാകുന്നു. നിങ്ങൾ പുകവലിക്കുന്നവരാണെങ്കിൽ ആ ശീലം പൂർണമായും നിർത്തേണ്ടത് ശ്വാസകോശം ആരോഗ്യകരമായി നിലനിർത്താൻ വേണ്ടി ഏറ്റവും അത്യാവശ്യമാണ്.
2. നിങ്ങളുടെ ശ്വാസകോശത്തിന് കേടുവരുത്തുന്ന മലിനീകരണം ഒഴിവാക്കുക
വായുവില്‍ നിരവധി മലിനീകരണം അടങ്ങിയിട്ടുണ്ട്. അവ നിങ്ങളുടെ ശ്വാസകോശത്തിൻറ്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് കേടുവരുത്തിയേക്കാം. ചില എയർ ഫ്രഷ്‌നറുകൾ, അലക്ക് ഉൽപന്നങ്ങൾ, പെർഫ്യൂമുകൾ തുടങ്ങിയവയിൽ രാസ വിഷവസ്തുക്കൾ അടങ്ങിയിട്ടുണ്ട്. ഇവ ശ്വസിക്കുന്നത് ശ്വാസകോശത്തിന് അപകടകരമാണ്.
അതിനാൽ തന്നെ ഇവ സൂക്ഷിച്ച് വേണം ഉപയോഗിക്കാൻ. അതിനോടൊപ്പം തന്നെ പുകവലിക്കുന്നവരുടെ അടുത്തുപോയി നിൽക്കരുത്. കാരണം സിഗററ്റിൻറ്റെ പുകയിൽ ആരോഗ്യത്തിന് ഹാനികരമായ വിഷവസ്തുക്കൾ അടങ്ങിയിട്ടുണ്ട്. ഈ കാരണങ്ങൾ കൊണ്ട് വീട്ടിൽ നിന്ന് പുറത്ത് പോകുമ്പോൾ ഫേസ് മാസ്ക് ധരിക്കേണ്ടത് നിർബന്ധമാക്കുക.
3. ദിവസവും വ്യായാമം ചെയ്യുക
ശ്വാസകോശത്തിൻറ്റെ ആരോഗ്യത്തിന് വേണ്ടി ചെയ്യാൻ പറ്റുന്ന മറ്റൊരു കാര്യമാണ് വ്യായാമം. ഇത് സ്ഥിരമായി ചെയ്യുന്നതിലൂടെ ശ്വാസകോശ ശേഷി വർദ്ധിക്കുന്നു, കൂടാതെ വ്യായാമം നിങ്ങളുടെ ഹൃദയത്തെയും പേശികളെയും ഓക്‌സിജനുമായി ചേര്‍ന്ന് നന്നായി നിലനിര്‍ത്താനും സഹായിക്കുന്നു. ഇവ നിങ്ങളെ ശ്വാസതടസ്സം പോലെയുള്ള ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളും കൂടാതെ രോഗ പ്രതിരോധ ശക്തി കൂട്ടാനും സഹായിക്കുന്നു.
നിങ്ങൾ 40 വയസ്സിന് മുകളിൽ ഉള്ളവരാണെങ്കിലോ അല്ലെങ്കിൽ നിങ്ങൾക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെങ്കിലോ വ്യായാമം ചെയ്യുന്നതിന് മുന്നെ ഒരു ഡോക്ടറിൻറ്റെ അഭിപ്രായം ചോദിക്കുക. നിങ്ങൾക്ക് ഓൺലൈനിൽ കൂടിയും ഡോക്ടറിനെ കൺസൾട്ട് ചെയ്യാവുന്നതാണ്.
ശാരീരിക വ്യായാമങ്ങളോടൊപ്പം തന്നെ ശ്വസന വ്യായാമങ്ങളും പതിവാക്കുക. ഇത് നിങ്ങളുടെ ശ്വാസകോശത്തെ ശക്തമാക്കാനും കൂടാതെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. നിങ്ങളുടെ ശ്വാസകോശം ശുദ്ധികരിക്കാനുള്ള ഒരു നല്ല മാർഗ്ഗം കൂടിയാണിത്.
4. ശരിയായ ഭക്ഷണം കഴിക്കുക
നിങ്ങളുടെ ശ്വാസകോശത്തിൻറ്റെ ആരോഗ്യം സംരക്ഷിക്കുന്നതിനുള്ള ഒരു നല്ല മാർഗ്ഗമാണ് പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുന്നത്. ആൻറ്റിഒക്സിഡന്റ്റുകൾ, ഫോളേറ്റ്, പ്രോട്ടീന്‍, സങ്കീര്‍ണ്ണമായ കാര്‍ബോഹൈഡ്രേറ്റ് തുടങ്ങിയ പോഷകങ്ങള്‍ അടങ്ങിയിട്ടുള്ള ആഹാരം കഴിക്കുക. ഈ പോഷകങ്ങൾ വിഷവസ്തുക്കളെ പുറന്തള്ളി ശ്വാസകോശം ശുദ്ധീകരിക്കുന്നതിന് സഹായിക്കും. ശ്വാസകോശത്തിൻറ്റെ ആരോഗ്യത്തിന് ഹാനീകരമായ ട്രാന്‍സ് കൊഴുപ്പും പൂരിത കൊഴുപ്പും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുക.
മുകളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ചെയ്താൽ നിങ്ങൾക്ക് ശ്വാസകോശം ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കും. സ്ഥിരമായി ശ്വാസ തടസ്സം, ചുമ പോലുള്ളവ അനുഭവപ്പെട്ടാൽ വേഗം തന്നെ ഒരു ഡോക്ടറിനെ കാണേണ്ടതാണ്.