ചെറിയ കുട്ടികൾ മുതൽ മുതിർന്നവർ വരെ ഇപ്പോൾ കൂടുതൽ സമയം ടിവി, ലാപ്ടോപ്പ്, കമ്പ്യൂട്ടർ തുടങ്ങിയവയുടെ മുന്നിലാണ്. ഇവരിൽ കണ്ണുമായി ബന്ധപ്പെട്ട തകരാറുകൾ ഉണ്ടാകാൻ സാധ്യത വളരേ കൂടുതലാണ്.
ഇത് ദീർഘനേരം ഉപയോഗിക്കുമ്പോൾ നമ്മളാരും കണ്ണിൻറ്റെ ആരോഗ്യത്തെ പറ്റി ചിന്തിക്കാറില്ല. തലവേദന, കാഴ്ച തകരാറുകൾ, കണ്ണിൽ നിന്നും വെള്ളം വരിക, വസ്തുക്കൾ രണ്ടായി കാണുക തുടങ്ങിയവയാണ് സാധാരണ ഗതിയിലുണ്ടാകുന്ന പ്രശ്നങ്ങൾ.
ഈ പ്രശ്നങ്ങൾ തുടർച്ചയായി അനുഭവപ്പെട്ടാൽ അത്യാവശ്യമായും ഒരു ഡോക്ടറിനെ കാണേണ്ടതാണ്. നിങ്ങൾക്ക് വീട്ടിലിരുന്നും ഡോക്ടറിനെ കൺസൾട്ട് ചെയ്യാൻ സാദിക്കും.
മികച്ച നേത്ര വ്യായാമങ്ങൾ
നിങ്ങൾക്ക് ജോലിയോടോ സോഷ്യൽ മീഡിയയോടോ വിട പറയാൻ കഴിയാത്തതിനാൽ, നേത്ര വ്യായാമങ്ങൾ ദിവസവും 10 മിനിറ്റ് എങ്കിലും ചെയ്യണം.
ഇവ കണ്ണുകളിൽ ഉണ്ടാകുന്ന ബുദ്ധിമുട്ട് ഇല്ലാതാക്കാനും, തലവേദന അകറ്റാനും, കണ്ണിൻറ്റെ പേശികളെ ശക്തിപ്പെടുത്താനും, വൈജ്ഞാനിക പ്രകടനം വർദ്ധിപ്പിക്കാനും, കണ്ണുകളുടെ ആകൃതി മെച്ചപ്പെടുത്താനും വളരെയധികം സഹായിക്കും.
- ഇടക്ക് കണ്ണ് ചിമ്മുക
ഒരുപാട് നേരം മൊബൈലിലോ ലാപ്ടോപ്പിലോ മറ്റ് നോക്കിയിരിക്കുമ്പോൾ കണ്ണുകളിലെ ജലാംശം നഷ്ടപ്പെടാൻ സാധ്യതയുണ്ട്. ഇങ്ങനെ കണ്ണുകളിൽ വരൾച്ച ഉണ്ടാകുന്ന സമയത്ത് കണ്ണുകൾ ഇടക്കിടക്ക് ചിമ്മുന്നത് നന്നായിരിക്കും.
2. നിങ്ങളുടെ ദൃഷ്ടി ഉറപ്പിക്കുക
ഒരു പേനയോ പെൻസിലോ കൈയ്യകലത്തിൽ നീട്ടിപ്പിടിക്കുക. ശേഷം നിങ്ങളുടെ ദൃഷ്ടി ഇതിൻറ്റെ മുകൾഭാഗത്തേയ്ക്ക് കേന്ദ്രീകരിക്കുക. കൈയ്യിൽ നീട്ടിപ്പിടിച്ച വസ്തു മുകളിലേയ്ക്കും താഴേയ്ക്കും പതുക്കെ ചലിപ്പിക്കുക. ഈ സമയം മുകൾഭാഗത്ത് കേന്ദ്രീകരിച്ച നിങ്ങളുടെ ദൃഷ്ടി മാറാതെ സൂക്ഷിക്കുക. ഇത് പത്ത് തവണ എങ്കിലും ചെയ്യുക.
3. കൃഷ്ണമണികൾ ഉപയോഗിച്ചുള്ള വ്യായാമം
- കൃഷ്ണമണികൾ മുകളിലേയ്ക്കും താഴേയ്ക്കും 10 തവണ ചലിപ്പിക്കുന്നത് നിങ്ങളുടെ കണ്ണിന് നൽകാവുന്ന ഏറ്റവും നല്ല വ്യായാമമാണ്.
- രണ്ട് കൃഷ്ണമണികളും മൂക്കിനോട് ചേർത്ത് കൊണ്ടുവരുക. ശേഷം നിങ്ങളുടെ മൂക്കിൻറ്റെ തുമ്പിലേക്ക് അല്പസമയം നോക്കുക. ശേഷം കണ്പീലികളിലേയ്ക്ക് നോക്കിയിട്ട്. വീണ്ടും മൂക്കിൻറ്റെ തുമ്പിലേയ്ക്ക് നോക്കുക. ഈ വ്യായാമം ദിവസവും അഞ്ച് മുതൽ പത്ത് തവണ വരെ ആവർത്തിക്കുന്നത് നന്നായിരിക്കും.
- നിങ്ങളുടെ കൃഷ്ണമണി ആദ്യം വലതു ഭാഗത്തേയ്ക്ക് പത്ത് തവണ വൃത്താകൃതിയിൽ ചലിപ്പിക്കുക. ശേഷം കണ്ണിന് അല്പ നിമിഷം വിശ്രമം നൽകിയ ശേഷം കൃഷ്ണമണികൾ ഇടത് ഭാഗത്തേക്കും ചലിപ്പിക്കുക.
4. ഉള്ളംകയ്യിലെ ചൂട് കണ്ണുകൾക്ക് നൽകുക
കൈകൾ തിരുമ്മിയ ശേഷം ഉള്ളംകൈയിലെ ചൂട് നിങ്ങളുടെ കണ്ണുകളിൽ വെച്ച് കൊടുക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിനുവളരെയധികം നല്ലതാണ്.
5. കണ്ണുകളുടെ പേശികൾക്ക് വേണ്ടിയുള്ള വ്യായാമം
ജനലിലൂടെയോ വാതിലിലൂടെയോ പുറത്തേയ്ക്ക് നോക്കി നിങ്ങൾ കാണുന്ന ഓരോ വസ്തുവിലും രണ്ട് മുതൽ അഞ്ച് മിനിട്ട് വരെശ്രദ്ധ കേന്ദ്രീകരിക്കുക.
6. കണ്ണുകൾ അടച്ച് തുറക്കുന്നത്
അഞ്ച് മുതൽ പത്ത് നിമിഷം വരെ കണ്ണുകൾ മുറുക്കെ അടച്ച് പിടിക്കുക. ശേഷം അത്രയും സമയം തന്നെ കണ്ണുകൾ തുറന്ന് പിടിക്കുക.
ഈ വ്യായാമങ്ങൾ നിങ്ങൾക്ക് വീട്ടിലോ ഓഫീസിലോ എവിടെവേണമെങ്കിലും ഇരുന്ന് ചെയ്യാവുന്നതാണ്. നേത്ര വ്യായാമങ്ങൾ സമയമെടുക്കുന്നില്ല – ഒരു ദിവസം 15 – 20 മിനിറ്റ് മാത്രം മതിയാകും.
ഈ നേത്ര വ്യായാമങ്ങൾ കണ്ണുകളിലെ സമ്മർദ്ദവും ക്ഷീണവും കുറയ്ക്കുന്നതിനും കാഴ്ചയിലെ ചില പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സഹായിക്കും.